ഇടുക്കി: ഇടുക്കി പുല്ലുപാറക്ക് സമീപം കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ സിന്ധു, അരുണ്‍ ഹരി, രമ മോഹനന്‍, സംഗീത് എന്നിവരാണ് മരണപ്പെട്ടത്. മരിച്ചവരുടെ മൃതദേഹങ്ങൾ മുണ്ടക്കയം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 6.15 ഓടെയായിരുന്നു അപകടം. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴിയാണ് അപകടം നടന്നത്. അപകട സമയത്ത് ബസിൽ 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വാഹനം റോഡിലെ ബാരിക്കേഡ് തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ അടിയന്തിര അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ട്രാൻസ്‌പോർട് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി.


