തിരുവനന്തപുരം: വൈദ്യുതിബിൽ പരിധിയിൽ കൂടിയാൽ പരിഹരിക്കാൻ സംവിധാനം ഒരുങ്ങുന്നു. ബില്ലുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാൽ അതു കണ്ടെത്തുവാനും പരിഹരിക്കുവാനും കെ.എസ്.ഇ.ബി. പോലുള്ള വിതരണ കമ്പനിക്കാരോട് ഉത്തരവിട്ട് കേന്ദ്രം.നിലവിൽ അമിതബിൽ കിട്ടിയാൽ അത് ചൂണ്ടികാണിക്കേണ്ടതും പരിഹരിക്കേണ്ടതും ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്. പരാതി പരിഹരിക്കുന്നതുവരെ അതിനു മുൻപുള്ള ബില്ലുകളിലെ ശരാശരി തുക തന്നെ അടച്ചാൽമതിയെന്നാണ് അറിയിപ്പ് . ആദ്യമായാണ് ഇത്തരമൊരു അവകാശം ചട്ടത്തിൽ ഉൾപ്പെടുത്തുന്നത്.
ഒരു ഉപഭോക്താവിന്റെ ആറ് ബില്ലുകളുടെ കാലഘട്ടത്തിൽ ഏതെങ്കിലും ബിൽ ശരാശരിയെക്കാൾ അഞ്ച് മടങ്ങ് കൂടിയാലോ അഞ്ചിലൊന്നായി കുറഞ്ഞാലോ അത് കണ്ടെത്താനുള്ള സംവിധാനം വിതരണക്കമ്പനികൾക്ക് ഉണ്ടായിരിക്കണം. അതിന്റെ കാരണങ്ങളും പരിശോധിച്ചിരിക്കണം. പരിഹാരം വേണ്ടതാണെങ്കിൽ 30 ദിവസത്തിനകം തന്നെ തീർപ്പാക്കണം. അതുവരെ അമിത ബിൽത്തുക അടയ്ക്കേണ്ടതില്ല.എന്തെങ്കിലും തർക്കമുണ്ടായാലും ബില്ലിലെ തുക അടയ്ക്കാതിരുന്നാൽ കണക്ഷൻ വിച്ഛേദിക്കുന്ന നിലവിലെ രീതി പാടില്ല.വൈദ്യുതി ഉപഭോക്താക്കളുടെ എല്ലാ പരാതികളും പരിഹരിക്കാൻ സംവിധാനം വേണമെന്നും പുതിയ ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുണ്ട് .






