ആവശ്യമില്ലെങ്കിലും ഇടയ്ക്കിടെ ഫോൺ തുറന്ന് ഇൻസ്റ്റഗ്രാം ഒന്ന് സ്ക്രോൾ ചെയ്തില്ലെങ്കിൽ ഒരു സമാധാനവുമില്ലാത്ത ആളാണോ നിങ്ങൾ? വെറും മുപ്പതു സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന ഇൻസ്റ്റഗ്രാം റീലുകളിലും യുട്യൂബ് ഷോട്സിലുമാണ് ഇന്ന് പലരുടെയും ജീവിതം ചുറ്റുന്നത്. രാവിലെ ഉണരുന്നത് മുതൽ, വേറെ ആരുടെയെങ്കിലും ഒപ്പമായിരിക്കുമ്പോഴും രാത്രി ഉറക്കം കിട്ടുന്നതുവരെ ഇങ്ങനെയുള്ളവരുണ്ട്. സമയം പോകുന്നതോ ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റങ്ങളോ അവർ അറിയാറില്ല. മൈൻഡ്‌ലെസ് സ്ക്രോളിങ് എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
ഇങ്ങനെ തുടർച്ചയായി റീലുകൾ കാണുമ്പോൾ നമ്മുടെ തലച്ചോറ് ഉത്തേജിക്കപ്പെടുകയും ഡോപാമൈൻ ഹോർമോണുകൾ പുറത്തുവിടുകയും ചെയ്യുന്നു. ഇതാണ് പലരും റീൽ അഡിക്ട് ആകാനുള്ള കാരണം. ഇവർക്ക് ഈ സന്തോഷം മറ്റെവിടെ നിന്നും കിട്ടാതെയാകുന്നു. ഇത് ഏകാഗ്രതയെ ബാധിക്കും. വെറുതെ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുന്നത് മാനസികമായി തളർച്ചയുണ്ടാക്കുന്നതാണ്. ഇത് വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ ക്രമേണ ഉണ്ടാകാൻ തുടങ്ങുന്നു.
രാത്രി ഏറെ നേരം റീലും നോക്കിയിരിക്കുന്നതും നല്ലതല്ല. ഇത് ഉറക്കക്കുറവിലേക്കും ഉറക്കമില്ലായ്മയിലേക്കും നയിക്കുന്നു. പതിവായി ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ, അത് അവരുടെ ഓർമ്മശക്തിയെയും മാനസികാവസ്ഥയെയും ബാധിക്കുന്നു. മൈൻഡ്ലെസ് സ്ക്രോളിങ് ആളുകളുടെ, പ്രത്യേകിച്ച് കുട്ടികളുടെ സ്വഭാവത്തേയും ബാധിക്കും. ഫോൺ മാറ്റിവെക്കുമ്പോൾ കുട്ടി അസ്വസ്ഥനാകുന്നുവെങ്കിൽ അവരെ ഇത് ബാധിച്ചു തുടങ്ങിയെന്ന് മനസിലാക്കുക.
മൈൻഡ്‌ലെസ് സ്‌ക്രോളിങ് ഒഴിവാക്കാൻ ഡിജിറ്റൽ ഡീടോക്സ് രീതി സ്വീകരിക്കാം. ഒരു ദിവസം ഒരു നിശ്ചിത മണിക്കൂറുകൾ ഫോൺ ഉപയോഗം ഒഴിവാക്കി, കുടുംബത്തിനൊപ്പം ചെലവഴിക്കുക. പകൽ സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഒരു സമയപരിധി നിശ്ചയിക്കുക. ആഴ്ചയിൽ ഒരു ദിവസം മൊബൈലിൽ റീലുകളോ വീഡിയോകളോ കാണാതിരിക്കാൻ ശ്രദ്ധിക്കുക. ആ സമയം പുസ്തകം വായിക്കാം.






