പാലക്കാട്: ആലത്തൂർ താലൂക്ക് ആശുപത്രി പ്രവേശിക്കുന്ന പ്രധാന റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഗുരുതരമായ ഗതാഗത തടസ്സം തുടരുമ്പോഴും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. അത്യാഹിതാവസ്ഥയിൽ രോഗികളുമായി എത്തുന്ന ആംബുലൻസുകൾക്കും പൊതുജനങ്ങൾക്കും ഇതുമൂലം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
വില്ലേജ് ഓഫീസിന് മുന്നിലും സമീപ മതിലുകളിലും ‘നോ പാർക്കിംഗ്’ ബോർഡുകൾ സ്ഥാപിച്ചുകൊണ്ട് പോലീസിന്റെ ഉത്തരവാദിത്വം അവസാനിപ്പിച്ചതായി നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം, പലപ്പോഴും ഈ ബോർഡുകൾക്കുതന്നെ താഴെയായി വാഹനങ്ങൾ നിർത്തിയിടുന്ന കാഴ്ചയാണ് കാണുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. താലൂക്കാശുപത്രിക്ക് മുന്നിലെ റോഡ് ടൈൽ വിരിച്ച് നവീകരിച്ചതിന് ശേഷം റോഡിന്റെ വീതി വർധിച്ചിരുന്നെങ്കിലും, അനധികൃത പാർക്കിംഗ് കാരണം ഈ സൗകര്യം പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഓട്ടോറിക്ഷകളും ആംബുലൻസുകളും അടക്കമുള്ള വാഹനങ്ങൾ റോഡരികിൽ തന്നെ നിർത്തിയിടുന്നതോടെ ഗതാഗതക്കുരുക്ക് പതിവായി മാറിയിരിക്കുകയാണ്.
പ്രധാന ആശുപത്രിയിലേക്കുള്ള വഴിയിൽ ഇത്തരമൊരു അവസ്ഥ തുടരുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്കും ജീവൻ അപകടത്തിലാക്കുന്ന സാഹചര്യങ്ങൾക്കും വഴിയൊരുക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അടിയന്തിരമായി പോലീസ്, മോട്ടോർ വാഹന വകുപ്പ്, നഗരസഭ അധികൃതർ എന്നിവർ ചേർന്ന് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.






