കൊല്ലം: കരീപ്ര പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി അയിഷാ പോറ്റിയുടെ സ്വീകരണപര്യടനത്തിനിടെ അസഭ്യവർഷം നടത്തിയതുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുഴിമതിക്കാട് സ്വദേശിയായ പ്രസാദിനെയും ചൂരപ്പൊയ്ക സ്വദേശിയായ സതീഷിനെയും പ്രതികളാക്കി എഴുകോൺ പൊലീസ് കേസെടുത്തു.
ഞായറാഴ്ച ഉച്ചയോടെ ചൂരപ്പൊയ്ക പ്രദേശത്ത് നടന്ന സ്വീകരണത്തിനിടെയാണ് സംഭവം. റോഡരികിൽ നിന്നിരുന്ന പ്രതികൾ അയിഷാ പോറ്റിയുടെ വാഹനം തടയാൻ ശ്രമിക്കുകയും അസഭ്യമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. “വഞ്ചന കാട്ടിയതല്ലേ” എന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രതിഷേധമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.




