ന്യൂ ഡൽഹി: അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്നോട്ടുപോയി. മുമ്പ് നാലാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, പുതിയ വിലയിരുത്തലിൽ ബ്രിട്ടനും ജപ്പാനും പിന്നിലായി.
ഐഎംഎഫിന്റെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ നോമിനൽ ജിഡിപി 4.15 ലക്ഷം കോടി ഡോളറാണ്. ബ്രിട്ടന്റെ ജിഡിപി 4.26 ലക്ഷം കോടി ഡോളറും ജപ്പാന്റേത് 4.38 ലക്ഷം കോടി ഡോളറുമാണ്. അമേരിക്ക 32.38 ലക്ഷം കോടി ഡോളറുമായി ഒന്നാം സ്ഥാനത്തും, ചൈന 20.85 ലക്ഷം കോടി ഡോളറുമായി രണ്ടാം സ്ഥാനത്തും, ജർമ്മനി ഏകദേശം അഞ്ച് ലക്ഷം കോടി ഡോളറുമായി മൂന്നാം സ്ഥാനത്തുമാണ്.
ഇന്ത്യയുടെ റാങ്കിംഗ് താഴേക്ക് പോകാൻ പ്രധാന കാരണം അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ്. ജിഡിപി കണക്കാക്കുന്ന അടിസ്ഥാന വർഷത്തിലെ മാറ്റങ്ങളും ഇതിൽ സ്വാധീനം ചെലുത്തി. എന്നാൽ റാങ്കിംഗിൽ പിന്നോട്ടുപോയിട്ടും ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം തുടരുന്നു. 2026 മാർച്ചോടെ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.5 ശതമാനമാണെന്ന് ഐഎംഎഫ് കണക്കാക്കുന്നു.
അതേസമയം, വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യ മുന്നേറ്റം കൈവരിക്കുമെന്നാണ് പ്രവചനം. 2027ഓടെ ബ്രിട്ടനെ മറികടക്കുകയും 2028ൽ ജപ്പാനെ പിന്നിലാക്കി ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുകയും ചെയ്യുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. 2031ഓടെ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.




