വാഷിങ്ടൺ: അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘അടുത്ത സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച ട്രംപ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിൽ ധാരണയിലെതത്താനുള്ള സാധ്യത കൂടുതലാണെന്നും അറിയിച്ചു.
ഇന്ത്യയ്ക്കെതിരെ പുതിയ താരിഫ് (ഇറക്കുമതി നികുതി) ഏർപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ഇന്ത്യ ഇത്രയും കാലം അമേരിക്കയെ മുതലെടുക്കുകയായിരുന്നു എന്നാരോപിച്ച ട്രംപ് ഇനി നമ്മൾ ഇന്ത്യയിൽ നിന്നും സമ്പാദിക്കാൻ പോകുന്നു എന്നാണ് പറഞ്ഞത്.
വർഷങ്ങളായി ഇന്ത്യ അമേരിക്കയുടെ വ്യാപാര നയങ്ങളിൽ നിന്ന് വലിയ നേട്ടമുണ്ടാക്കിയെന്നും ഇപ്പോൾ തന്റെ ഭരണകൂടത്തിന്റെ നയങ്ങൾ ആ സാഹചര്യം മാറ്റിമറിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. വ്യാപാര ചർച്ചകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ട്രംപ്.






