ന്യൂഡൽഹി: ഇന്ത്യ–അമേരിക്ക വ്യാപാര കരാർ യാഥാര്‍ഥ്യത്തിലേക്ക് . കരാറിൽ ഒപ്പുവെച്ചതായി അറിയിച്ച് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കിയതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ഈടാക്കുന്ന പരമാവധി നികുതി 18 ശതമാനമായി കുറച്ചു.
അമേരിക്കയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾക്ക് ഇന്ത്യ തീരുവ ഇളവ് നൽകും. ധാന്യങ്ങളും പഴങ്ങളും ഉൾപ്പെടെയുള്ള കാർഷിക ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവുണ്ടാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി ഡോളർ മൂല്യമുള്ള സാധനങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ.
കാർഷിക, ക്ഷീര മേഖലകളിൽ നിയന്ത്രിത ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. മണിച്ചോളം, സോയബീൻ എണ്ണ, പിസ്ത, കശുവണ്ടി, ബദാം, വിവിധ പഴങ്ങൾ തുടങ്ങിയ ചില അമേരിക്കൻ വിളകൾക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇന്ത്യൻ അരിക്ക് അമേരിക്കൻ വിപണിയിൽ മുൻഗണന നൽകുമെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യയുടെ ക്ഷീര മേഖലയ്ക്ക് പൂർണ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപ്പഴം തുടങ്ങിയവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല. തേയിലയ്ക്കും തീരുവ കുറയ്ക്കില്ല. മാങ്ങ ഇറക്കുമതിയിലെ നിയന്ത്രണങ്ങൾ തുടരും. മസാലകൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയ്ക്കും ഇന്ത്യ പൂർണ സംരക്ഷണം നൽകും.
അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ നിന്ന് റബ്ബർ, പ്ലാസ്റ്റിക്, തുണിത്തരങ്ങൾ, തുകൽ, ചെരുപ്പ്, മരുന്നുകൾ, വിമാന ഭാഗങ്ങൾ, വാഹന സ്പെയർ പാർട്സ് തുടങ്ങിയവ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ഇളവുകൾ ലഭിക്കും.
ഇന്ത്യ–അമേരിക്ക വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായും ഇന്ത്യയ്‌ക്കുള്ള നികുതി 18 ശതമാനമായി കുറച്ചതായും മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല. സംയുക്ത പ്രസ്താവനയിൽ റഷ്യൻ എണ്ണയെക്കുറിച്ച് പരാമർശമില്ല. എന്നാൽ, കരാറുമായി ബന്ധപ്പെട്ട് ട്രംപ് പുറത്തിറക്കിയ ഉത്തരവിൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന സൂചനയുണ്ട്. ഇതോടെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.




