ന്യൂഡല്‍ഹി: ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ കളിക്കില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ബിസിസിഐ തീരുമാനം അറിയിച്ചു. പാകിസ്താനുമായുള്ള അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വനിത എമേര്‍ജിങ് ഏഷ്യാകപ്പിലും കളിക്കില്ല. പാക് മന്ത്രിയും പാക്കിസ്താന് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റുമായ മൊഹ്സിന്‍ നഖ് വിയാണ് നിലവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അധ്യക്ഷന്‍. ഇതും ബിസിസിഐ തീരുമാനത്തിന് കാരണമാണ്.
സെപ്റ്റംബറില്‍ ഇന്ത്യയിലാണ് ഏഷ്യാകപ്പ് നടക്കേണ്ടത്. ഏഷ്യാ കപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മൊഹ്സിന്‍ നഖ്വിയുടെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ എടുക്കും. എന്നിരുന്നാലും, ടൂര്‍ണമെന്റില്‍ കളിക്കുകയോ ആതിഥേയത്വം വഹിക്കുകയോ ചെയ്യില്ലെന്ന് ഇന്ത്യ അറിയിച്ചു കഴിഞ്ഞു. ഇന്ത്യയുടെ പങ്കാളിത്തമില്ലാത്തതിനാല്‍ ടൂര്‍ണമെന്റ് റദ്ദാക്കാനോ പൂര്‍ണ്ണമായും ഒഴിവാക്കാനോ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയുടെ പിന്മാറ്റം ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ ഭാവി ആശങ്കയിലാക്കിയിരിക്കുകയാണ്. 2023 ല്‍ കിരീടം നേടിയ ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ടൂര്‍ണമെന്റിന്റെ സാമ്പത്തിക പിന്തുണയുടെ വലിയൊരു പങ്കും ഇന്ത്യന്‍ സ്പോണ്സര്മാരില് നിന്നും പ്രക്ഷേപകരില്‍ നിന്നുമാണ്. 2023 ഏഷ്യാ കപ്പ് സാങ്കേതികമായി പാകിസ്താന് ആതിഥേയത്വം വഹിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ ഫൈനല്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായും ശ്രീലങ്കയിലായിരുന്നു നടന്നത്. ഈ വര്‍ഷം ആദ്യം ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഇതേ മാതൃക സ്വീകരിച്ചു, ഇന്ത്യ പാകിസ്താനിലേക്ക് പോകുന്നതിനു പകരം ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടന്നിരുന്നത്.






