ഹരാരെ: ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ ടി20 പരമ്പരകളിലെ നിരാശാജനകമായ പ്രകടനങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ സിംബാബ്‌വെയെ നേരിടാനൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹരാരെ സ്‌പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടക്കും.
പുതിയ നായകൻ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ഇന്ത്യ ഇതുവരെ വിജയം നേടാനായിട്ടില്ല. അയർലൻഡിനെതിരായ ടി20 പരമ്പരയിൽ 0-2നും ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 0-4നും ഇന്ത്യ പരാജയപ്പെട്ടിരുന്നു. വിജയവഴിയിലേക്ക് തിരിച്ചെത്തുകയാണ് ടീമിന്റെ പ്രധാന ലക്ഷ്യം.
ടീം മാനേജ്‌മെന്റിന് മുന്നിലെ പ്രധാന തലവേദന ഓപ്പണിംഗ് കോമ്പിനേഷനാണ്. അഭിഷേക് ശർമ്മ ഓപ്പണറായി സ്ഥാനം ഉറപ്പിക്കുമ്പോൾ, മറുവശത്ത് വൈഭവ് സൂര്യവംശിയോ പ്രഭ്‌സിമ്രാൻ സിംഗോ ഇറങ്ങുമോയെന്നാണ് ആകാംക്ഷ. സഞ്ജു സാംസണ് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് പ്രഭ്‌സിമ്രാൻ ടീമിലെത്തിയത്.
ഇംഗ്ലണ്ട് പര്യടനത്തിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാതിരുന്നെങ്കിലും വൈഭവ് സൂര്യവംശിക്ക് വീണ്ടും അവസരം നൽകാൻ ടീം മാനേജ്‌മെന്റ് തയ്യാറായേക്കും. മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായും, നാലാം നമ്പറിൽ ശ്രേയസ് അയ്യരും ഇറങ്ങുമെന്നാണ് സൂചന.
ഫിനിഷർമാരായി തിലക് വർമ്മ, ശിവം ദുബെ, റിങ്കു സിംഗ് എന്നിവർ ടീമിലെത്താൻ സാധ്യതയുണ്ട്. സ്പിൻ നിരയിൽ ഹർഷ് ദുബെയും രവി ബിഷ്‌ണോയിയും തമ്മിലാണ് മത്സരം. പേസ് വിഭാഗത്തിൽ ഐപിഎല്ലിൽ ശ്രദ്ധേയ പ്രകടനം നടത്തിയ അശോക് ശർമ്മ, യഷ് ഠാക്കൂർ, പ്രിൻസ് യാദവ് എന്നിവർ പരിഗണനയിലുണ്ട്. മായങ്ക് യാദവിനും അവസരം ലഭിച്ചേക്കും.
ഹരാരെ സ്‌പോർട്സ് ക്ലബ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം ആരംഭിക്കുന്നത്. മത്സരം ടെലിവിഷനിൽ യുണൈറ്റഡ്8 സ്‌പോർട്സ് ചാനലിലും ലൈവ് സ്ട്രീമിംഗിൽ ഫാൻകോഡ് ആപ്പിലൂടെയും കാണാനാകും.


