അമേരിക്ക: രഹസ്യ രേഖകൾ പങ്കുവെച്ചതിൽ അമേരിക്കൻ ഉദ്യോഗസ്ഥൻ അന്വേഷണ നിഴലിൽ. രാജ്യത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ചാറ്റ് ജിപിടി വഴി പങ്കുവെച്ചുവെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജനായ ഉന്നത ഉദ്യോഗസ്ഥൻ അന്വേഷണ പരിധിയിലായി. 2025 മെയ് മുതൽ സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയുടെ (CISA) ഡെപ്യൂട്ടി ഡയറക്ടറായും ആക്ടിംഗ് ഡയറക്ടറായും പ്രവർത്തിച്ചിരുന്ന ഡോ. മധു ഗോട്ടുമുക്കാലയ്ക്കെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ച് സെൻസിറ്റീവ് രേഖകൾ ഐ.ഐ ടൂളുകളിൽ അപ്‌ലോഡ് ചെയ്തുവെന്നാണ് ആരോപണം.
സിസയുടെ ആഭ്യന്തര ഓഡിറ്റിംഗിലാണ് സംഭവം കണ്ടെത്തിയത്. രേഖകൾ ചുരുക്കാനോ പുനഃക്രമീകരിക്കാനോ വേണ്ടിയാകാം ചാറ്റ് ജിപിടി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുവായ ഐ.ഐ പ്ലാറ്റ്‌ഫോമുകളിൽ നൽകുന്നത് അമേരിക്കൻ നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.










