വാഷിംഗ്ടൺ: അമേരിക്കയിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് യൂട്യൂബർ അരുൺ രൂപേഷ് മൈനി. അമേരിക്കയിൽ എത്തിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത് വിവസ്ത്രനാക്കി ദേഹപരിശോധന നടത്തിയതായി അദ്ദേഹം പറഞ്ഞു. ‘മിസ്റ്റർ ഹൂസ് ദി ബോസ്’ എന്ന പേരിൽ അറിയപ്പെടുന്ന അരുൺ ഒരു അഭിമുഖത്തിലാണ് അനുഭവം പങ്കുവെച്ചത്.
അമേരിക്കയിലെ ഒരു ഹൈടെക് സ്റ്റേഡിയം പദ്ധതിയുടെ റിപ്പോർട്ടിംഗിനായാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഏകദേശം മൂന്ന് ലക്ഷം ഡോളർ പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതായും ഇത് തന്റെ കരിയറിലെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്നായിരുന്നുവെന്നും അരുൺ വ്യക്തമാക്കി.
എന്നാൽ അമേരിക്കൻ വിമാനത്താവളത്തിൽ എത്തിയതോടെ അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചതായാണ് അദ്ദേഹം പറയുന്നത്. തുടർന്ന് പ്രത്യേക മുറിയിലേക്ക് മാറ്റിയതായും ഫോൺ ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും അരുൺ വെളിപ്പെടുത്തി. പിന്നീട് ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ മറ്റൊരു സെല്ലിലേക്ക് കൊണ്ടുപോയി വസ്ത്രങ്ങൾ അഴിപ്പിച്ച് ദേഹപരിശോധന നടത്തിയതായും അദ്ദേഹം പറഞ്ഞു.
26 മണിക്കൂറോളം തടങ്കലിൽ പാർപ്പിച്ച ശേഷമാണ് അദ്ദേഹത്തെ ബ്രിട്ടനിലേക്ക് തിരിച്ചയച്ചത്. വീട്ടുകാരെ വിവരമറിയിക്കാൻ പോലും അവസരം നൽകിയില്ലെന്നും വിമാനം പറന്നുയർന്ന ശേഷമാണ് ഫോൺ തിരികെ ലഭിച്ചതെന്നും അരുൺ പറഞ്ഞു.
ഈ സംഭവത്തിന് ശേഷം അമേരിക്കയിലേക്ക് യാത്ര ചെയ്യുമ്പോഴെല്ലാം കർശന പരിശോധനകൾ നേരിടേണ്ടിവരുന്നുണ്ടെന്നും ഓരോ തവണയും രണ്ടാംഘട്ട പരിശോധനയ്ക്കായി തന്നെ മാറ്റാറുണ്ടെന്നും അരുൺ രൂപേഷ് മൈനി വ്യക്തമാക്കി.
യൂട്യൂബിൽ 2.25 കോടിയിലധികം സബ്സ്ക്രൈബേഴ്സുള്ള ലോകത്തിലെ ഏറ്റവും വലിയ ടെക് ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് 30-കാരനായ അരുൺ. സ്മാർട്ട്‌ഫോൺ റിവ്യൂകളും ഗാഡ്‌ജെറ്റ് ടെസ്റ്റുകളും നടത്തിയാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്.






