ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തി സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ചേർന്നു. കേരളത്തിൽ ഇടതുപക്ഷത്തിന് ഉണ്ടായ അപ്രതീക്ഷിത തിരിച്ചടി അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് ജനറൽ സെക്രട്ടറി എം എ ബേബി അറിയിച്ചു. യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, മികച്ച പ്രവർത്തനം നടത്തിയിട്ടും കേരളത്തിൽ ലഭിച്ച തിരിച്ചടിയുടെ കാരണങ്ങൾ പാർട്ടി വിശദമായി പരിശോധിക്കുമെന്ന് പറഞ്ഞു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി കേന്ദ്ര സർക്കാർ ഞെരുക്കാൻ ശ്രമിച്ചതും, ബിജെപി മൂന്ന് സീറ്റുകൾ നേടിയത് അടക്കമുള്ള കാര്യങ്ങൾ ലഘുവായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമ ബംഗാളിൽ ബി ജെ പി നേട്ടം കൈവരിച്ചത് കേന്ദ്ര ഏജൻസികളും തിരഞ്ഞെടുപ്പ് കമ്മീഷനും ദുരുപയോഗം ചെയ്തതിന്റെ ഫലമാണെന്നും എം എ ബേബി ആരോപിച്ചു. ബംഗാളിലെ എസ് ഐ ആറിൽ അട്ടിമറി നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ “സ്പെഷ്യൽ ഇൻ്റൻസീവ് റിമൂവൽ” എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകളും യോഗത്തിൽ ചർച്ചയായതായി അദ്ദേഹം അറിയിച്ചു.






