മുംബൈ: ട്രെയിനുകളിൽ രാത്രികാല മൊബൈൽ ചാർജിങ്ങിന് നിയന്ത്രണം കർശനമാക്കി റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും നിർദേശം നൽകി. തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിശ്ചിത സമയത്ത് നിർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധനകൾ നടത്താനും റെയിൽവേ നിർദേശിച്ചിട്ടുണ്ട്. നിർദേശം പാലിക്കാത്ത ട്രെയിനുകളിലെ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
രാത്രികാലങ്ങളിൽ ട്രെയിനുകളിലെ ചാർജിങ് പോയിന്റുകളുടെ വൈദ്യുതി വിതരണം നിയന്ത്രിക്കുന്നതിനുള്ള നിയമം റെയിൽവേ ബോർഡ് 2014ൽ തന്നെ കൊണ്ടുവന്നിരുന്നു. എന്നാൽ നിയമം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഇപ്പോൾ എല്ലാ സോണുകൾക്കും വീണ്ടും നിർദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ–ഹൗറ മെയിലിൽ ഒഡീഷയിൽവെച്ച് എസി കോച്ചിൽ പവർബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് നിയന്ത്രണം കർശനമാക്കിയത്. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കേറ്റില്ലെങ്കിലും സുരക്ഷാ സംവിധാനങ്ങളിലെ വീഴ്ച സംബന്ധിച്ച് റെയിൽവേ ആശങ്ക രേഖപ്പെടുത്തി.
ചാർജിങ് ഉപകരണങ്ങളുടെയും ബാറ്ററികളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കണക്കിലെടുത്ത് ട്രെയിനുകളിലെ സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കാനാണ് റെയിൽവേയുടെ നീക്കം.
രാത്രികാല ചാർജിങ് നിയന്ത്രണം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെയിൽവേ അറിയിച്ചു.




