കലിഫോർണിയ: യു എസിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ ആറ് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ക്‌ലിയിൽ കെമിക്കൽ ആൻഡ് ബയോമോളികുലാർ എൻജിനീയറിങ് വിദ്യാർഥിയായ കർണാടക സ്വദേശി സാകേത് ശ്രീനിവാസയ്യ ആണ് മരിച്ചത്.
ക്യാംപസിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് സാകേതിനെ അവസാനമായി കണ്ടത്. തുടർന്ന് ബെർക്ക്‌ലി ഹിൽസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് സാകേതിന്റെ പാസ്‌പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗ് റീജിയണൽ പാർക്കിന് സമീപമുള്ള ഒരു വീടിനടുത്ത് നിന്ന് കണ്ടെത്തി.
ഐഐടി മദ്രാസിലെ പൂർവ വിദ്യാർഥിയായ സാകേത് ബെർക്ക്‌ലിയിൽ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു. ഹൈപ്പർലൂപ്പിനായുള്ള ‘മൈക്രോചാനൽ കൂളിങ് സിസ്റ്റം’ കണ്ടുപിടിച്ചതിന് പേറ്റന്റ് നേടിയ ആറ് പേരിൽ ഒരാളായിരുന്നു സാകേത്. സുരക്ഷയുടെ ഭാഗമായി ഇന്ത്യൻ വിദ്യാർഥികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും, അവർ നേരിട്ടേക്കാവുന്ന വെല്ലുവിളികളെക്കുറിച്ചു ബോധവൽക്കരണ സെഷനുകൾ നടത്താറുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.










