പാചകവാതകം ഇല്ലാതെയായപ്പോള്‍ എല്ലാവരും ഇന്‍ഡക്ഷന്‍ പാചകത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ വൈദ്യുതി ബില്‍ കൂടുമോ എന്ന ടെന്‍ഷനും ആളുകള്‍ക്കുണ്ട്. എന്നാല്‍ ടെന്‍ഷന്‍ വേണ്ട, ബില്‍ കൂടാതെ തന്നെ ഇന്‍ഡക്ഷന്‍ ഉപയോഗിക്കാം. ഈ വഴികള്‍ പരീക്ഷിക്കൂ. പൂര്‍ണ്ണമായും ഗ്യാസ് ഉപേക്ഷിക്കുന്നതിന് പകരം, ചായ ഉണ്ടാക്കാനും ചോറ് വയ്ക്കാനും വെള്ളം തിളപ്പിക്കാനും ഇന്‍ഡക്ഷന്‍ ഉപയോഗിക്കുന്നത് ഗ്യാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും അധികകാലം സൂക്ഷിച്ചുവയ്ക്കാനും സഹായിക്കും.
സമയം സെറ്റ് ചെയ്തു വയ്ക്കാം എന്നതുകൊണ്ട് പാചകം ചെയ്യുമ്പോള്‍ എപ്പോഴും അടുത്ത് നില്‍ക്കണം എന്നില്ല. അമിതമായി താപനില കൂടുമ്പോള്‍ ഓട്ടോമാറ്റിക് കട്ട്ഓഫ് ഫീച്ചര്‍ പ്രവര്‍ത്തിച്ച് ഇത് ഓഫാകുന്നതിനാല്‍ ഭക്ഷണം കരിഞ്ഞുപോകാനുള്ള സാധ്യതയും കുറവാണ്.
ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തെക്കാള്‍ ഇരട്ടി വേഗത്തില്‍ പാചകം ചെയ്യാന്‍ ഇന്‍ഡക്ഷന്‍ സ്റ്റൗവിന് സാധിക്കും.
ഇന്‍ഡക്ഷന്‍ സ്വിച്ച് ഓണ്‍ ചെയ്താല്‍ സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ അത് ചൂടാകും. അതിനാല്‍ പച്ചക്കറികള്‍ അരിയുന്നതും മസാലകള്‍ തയ്യാറാക്കുന്നതും മുമ്പേ ചെയ്തുവയ്ക്കണം. സ്റ്റൗ ഓണ്‍ ചെയ്തിട്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്.
സ്റ്റൗവിന്റെ പ്രതലവുമായി പൂര്‍ണ്ണമായും തട്ടി നില്‍ക്കുന്ന അടിവശം പരന്ന പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ വൈദ്യുതി പാഴാകാതെ പാചകം വേഗത്തിലാക്കാം
പാചകം കഴിഞ്ഞാല്‍ തനിയെ ഓഫ് ആകാനുള്ള ടൈമര്‍ ഇന്‍ഡക്ഷന്‍ കുറ്റകറില്‍ ഉണ്ട്. ഇത് സെറ്റ് ചെയ്യുന്നത് കറന്റ് ലാഭിക്കുന്നതിനൊപ്പം ഭക്ഷണങ്ങള്‍ കരിഞ്ഞുപോകുന്നതും തടയുന്നു.
എപ്പോഴും പാചകത്തിന് ആവശ്യമുള്ള വെള്ളം മാത്രം തിളപ്പിക്കുക.
എപ്പോഴും അടച്ചു വച്ച് വേവിക്കുക. തുറന്നു വയ്ക്കുമ്പോള്‍ വേവാന്‍ സമയമെടുക്കുകയും വൈദ്യുതി പാഴാകുകയും ചെയ്യുന്നു.
സ്റ്റീല്‍ അല്ലെങ്കില്‍ ഇരുമ്പ് അടങ്ങിയ ഇന്‍ഡക്ഷന്‍ ബേസ് ഉള്ള പരന്ന പാത്രങ്ങള്‍ മാത്രമേ ഇന്‍ഡക്ഷന്‍ സ്റ്റൗവില്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഒരുപാട് നേരവും ഉപയോഗിക്കരുത്. പവര്‍ റേറ്റിംഗ് 1500-2000 വാട്സ് ആയതിനാല്‍ ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കേണ്ടി വരും. അതിനാല്‍ അത്യാവശ്യം ഉള്ള പാചകത്തിന് മാത്രം ഇന്‍ഡക്ഷന്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.






