ന്യൂഡൽഹി:വിപണിയിൽ തരംഗമാകാൻ പുതിയ ഫോണുമായി ഇൻഫിനിക്സ്. ആകർഷകമായ ഡിസൈനും പ്രീമിയം ഫീച്ചറുകളുമായി ‘ഇൻഫിനിക്സ് നോട്ട് 60 പ്രോ’ (Infinix Note 60 Pro) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 31,999 രൂപയാണ് ഈ ഡിവൈസിന്റെ പ്രാരംഭ വില. റാം വില വർദ്ധനവും സ്മാർട്ട്ഫോൺ കയറ്റുമതിയിലെ ഇടിവും നിർമാതാക്കളെ പ്രതിസന്ധിയിലാക്കുന്ന ഈ സാഹചര്യത്തിൽ, ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരുപിടി അത്യാധുനിക ഫീച്ചറുകളുമായാണ് ഇൻഫിനിക്സ് എത്തിയിരിക്കുന്നത്. ആദ്യ നോട്ടത്തിൽ പ്രമുഖ പ്രീമിയം ഫോണുകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ ലാർജ് ക്യാമറ മോഡ്യൂൾ ഡിസൈൻ ചെയ്തിരിക്കുന്നത്. അലുമിനിയം ഫ്രെയിം നൽകിയിട്ടുള്ളതിനാൽ മികച്ച ഇൻ-ഹാൻഡ് ഫീൽ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 7.4mm മാത്രം കനമുള്ള ഈ സ്ലീക്ക് ഫോണിന് 200 ഗ്രാമിൽ താഴെ മാത്രമാണ് ഭാരം. ആപ്പിളിന്റെ ആക്ഷൻ ബട്ടണിന് സമാനമായി ഫോണിന്റെ ഇടതുവശത്ത് “വൺ-ടാപ്പ്” ബട്ടൺ നൽകിയിട്ടുണ്ട്. കൂടാതെ വലതുവശത്തായി ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും അളക്കാനുള്ള സെൻസറും ക്രമീകരിച്ചിരിക്കുന്നു. പൊടിയെയും വെള്ളത്തേയും പ്രതിരോധിക്കാൻ IP64 റേറ്റിങ്ങും ഇതിനുണ്ട്.
ഫോണിന്റെ പിൻഭാഗത്തായി നൽകിയിരിക്കുന്ന ‘ആക്ടീവ് മാട്രിക്സ് ഡിസ്‌പ്ലേ’ ആണ് ഇതിന്റെ പ്രധാന ആകർഷണം. 288 ഇൻഡിവിജ്വൽ എൽഇഡി യൂണിറ്റുകൾ അടങ്ങിയ ഈ ഡിസ്‌പ്ലേയിലൂടെ സമയം, കാലാവസ്ഥ, കോൾ-മെസ്സേജ് നോട്ടിഫിക്കേഷനുകൾ എന്നിവ കാണാൻ സാധിക്കും. നിർദ്ദിഷ്ട കോൺടാക്റ്റുകൾക്കായി പ്രത്യേക പാറ്റേണുകൾ സെറ്റ് ചെയ്യാനും, ഫോൺ ബട്ടണുകൾ ഉപയോഗിച്ച് കളിക്കാവുന്ന മിനി ഗെയിമുകൾ ആസ്വദിക്കാനും ഇതിലൂടെ സാധിക്കും. എന്നാൽ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ഈ പിൻ ഡിസ്‌പ്ലേ കാണാൻ അല്പം ബുദ്ധിമുട്ടാണെന്നത് ഒരു പരിമിതിയാണ്. മുൻഭാഗത്ത് 6.78 ഇഞ്ചിന്റെ 1.5K അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.
ക്യാമറ ഡിപ്പാർട്ട്മെന്റിലേക്ക് നോക്കുകയാണെങ്കിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ വരുന്നത്. ഇതിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറയും, അതിനൊപ്പം 8 മെഗാപിക്സൽ അൾട്രാബൈഡ് ക്യാമറയും നൽകിയിരിക്കുന്നു. മുൻവശത്ത് 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമുണ്ട്. എന്നാൽ ഇതിൽ ഏത് സെൻസറുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇൻഫിനിക്സ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ചുരുക്കത്തിൽ, 31,999 രൂപ നിരക്കിൽ വിപണിയിലെ മറ്റ് മുൻനിര ബ്രാൻഡുകളോട് മത്സരിക്കാൻ തക്കവണ്ണം മികച്ച സ്റ്റൈലും ആവശ്യത്തിന് ഫീച്ചറുകളുമുള്ള ഒരു കിടിലൻ മിഡ്-റേഞ്ച് പാക്കേജാണ് ഇൻഫിനിക്സ് നോട്ട് 60 പ്രോയിലൂടെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.






