തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്‌കൂള്‍ തുറക്കും മുന്‍പ് പൊളിച്ചുനീക്കും. പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച സ്‌കൂളുകളില്‍ പോലും, വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ സാങ്കേതിക തടസങ്ങള്‍ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പഴയ കെട്ടിടങ്ങള്‍ അടുത്തുണ്ടെന്ന കാരണത്താല്‍, പുതിയ കെട്ടിടങ്ങള്‍ക്ക് ഫിറ്റ്‌നസ് കിട്ടാത്ത സാഹചര്യവും നിലവിലുണ്ടെന്നും ഉന്നതതല യോഗം വിലയിരുത്തി. ദുരന്തനിവാരണ നിയമപ്രകാരം ഇതിന് ആവശ്യമായ നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ നല്‍കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങണമെന്നും യോഗത്തില്‍ തീരുമാനമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നതതലയോഗം ചേര്‍ന്നത്.
സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുനിന്ന് ഉള്‍പ്പെടെ സ്‌കൂള്‍ കെട്ടിടങ്ങളുടെ മുകളിലേക്ക് വളര്‍ന്നുനില്‍ക്കുന്ന വൃക്ഷശാഖകള്‍ മുറിച്ചുമാറ്റുന്നുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു. സ്‌കൂള്‍ പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങളും മുറിച്ചുമാറ്റും. പൂര്‍ണമായും സുരക്ഷിതമായ പഠനാന്തരീക്ഷം ഉണ്ടെന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കാനും മന്ത്രിമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷാ ഭീഷണി ഇല്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ സ്‌കൂളുകള്‍ക്ക് പ്രൊവിഷനല്‍ ഫിറ്റ്‌നസ് നല്‍കി അധ്യയനത്തിന് അവസരമൊരുക്കാനും യോഗത്തില്‍ തീരുമാനിച്ചു. വിദ്യാര്‍ഥികളുടെ ജീവന് ഭീഷണിയുള്ള ഘടകങ്ങള്‍ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാല്‍ ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി ഈ അധ്യയന വര്‍ഷത്തേക്ക് ഈ അനുവാദം നല്‍കുക. ചുമരുകളുടെ പ്ലാസ്റ്ററിങ്, ഫ്‌ലോറിങ്ങിലെ ചെറിയ പ്രശ്‌നങ്ങള്‍, ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകള്‍, ഫാള്‍സ് സീലിങ് ഇല്ലാത്തത് തുടങ്ങിയ സാങ്കേതിക കാരണങ്ങളാല്‍ ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകള്‍ക്കാണ് ഈ തീരുമാനം സഹായകരമാവുക.
ഒരു വര്‍ഷത്തിനകം ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് കെട്ടിട നിര്‍മാണം ക്രമവത്കരിക്കാമെന്ന ഉറപ്പിന്മേല്‍, കഴിഞ്ഞ അധ്യയന വര്‍ഷം 140 സ്‌കൂളുകള്‍ക്കായിരുന്നു ഫിറ്റ്‌നസ് നല്‍കിയത്. ഇതില്‍ 44 സ്‌കൂളുകള്‍ നിര്‍മാണം ക്രമവത്കരിക്കുകയും, 22 സ്‌കൂളുകള്‍ അപേക്ഷ നല്‍കി ക്രമവത്കരണത്തിന്റെ നടപടിക്രമങ്ങളിലുമാണ്. ഈ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് അനുവദിക്കാവുന്നതാണെന്നും ഉന്നതതലയോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ വര്‍ഷം നിബന്ധനകള്‍ക്ക് വിധേയമായി ഫിറ്റ്‌നസ് ലഭിക്കുകയും, ക്രമവത്കരണത്തിന് അപേക്ഷിക്കുക പോലും ചെയ്യാത്ത 74 സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്ന കാര്യം പരിഗണിക്കേണ്ടെന്ന് യോഗം തീരുമാനിച്ചു. ഈ സ്‌കൂളുകള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.






