കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻ രാജ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളിലൊന്ന് ഓൺലൈൻ വായ്പാസംഘത്തിന്റെ ഭീഷണിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. അധ്യാപകരിൽ നിന്ന് കടുത്ത ജാതി അധിക്ഷേപം നേരിട്ട നിതിൻ, കോളജിൽ തന്നെ ഏറെ സഹായിച്ചിരുന്ന അസി. പ്രഫസർ ലത ശശിധരനെ ഓൺലൈൻ വായ്പാസംഘം ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിൽ മനോവിഷമത്തിലായെന്നാണ് പൊലീസ് വിലയിരുത്തുന്നത്. പ്രിൻസിപ്പലിന്റെ മുറിയിലെയും കോളജിലെയും സിസിടിവി ദൃശ്യങ്ങൾ, ഏപ്രിൽ 9, 10 ദിവസങ്ങളിലെ ഫോൺ കോൾ ഡീറ്റെയ്‌ൽസ് റെക്കോർഡ് (സിഡിആർ) എന്നിവ പരിശോധിച്ചാണ് അന്വേഷണ സംഘം ഈ നിഗമനത്തിലെത്തിയത്.
മരിക്കുന്നതിന്റെ തലേ ദിവസമായ ഏപ്രിൽ 9ന് ഇൻസ്റ്റ പേ എന്ന ലോൺ ആപ്പിൽനിന്ന് നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്സാപ് മെസേജുകളും വന്നു. ലത ശശിധരന് 26 ഫോൺ കോളുകളും 9 മെസേജുകളും വന്നു. നിതിന്റെ ഫോൺ കോൺടാക്ട് കൈവശപ്പെടുത്തിയ വായ്പാ ഏജൻസി കോൺടാക്ട് ലിസ്റ്റിലുള്ള പലരെയും വിളിച്ചിരുന്നു. വായ്പയെടുക്കാൻ അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ നമ്പരാണു റഫറൻസ് ആയി നൽകിയതെന്നും അധ്യാപികയുടെ നമ്പർ നൽകിയിട്ടില്ലെന്നുമാണ് നിതിൻ പറഞ്ഞത്. നിതിന്റെ അമ്മയുടെ പേരും ലത എന്നാണ്. അതായിരിക്കാം തെറ്റിദ്ധരിക്കപ്പെട്ടത്.
അധ്യാപികയ്ക്ക് ലോൺ ആപ്പിൽ നിന്ന് അസഭ്യവർഷം നിറഞ്ഞ കോളുകളാണ് വന്നിരുന്നത്. വായ്പയടയ്ക്കാൻ പണം കണ്ടെത്താമെന്നു പറഞ്ഞാണ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നിറങ്ങിയത്. കുറച്ചു സമയത്തിനു ശേഷം നിതിനെ കെട്ടിടത്തിൽനിന്നു ചാടി മരിച്ച നിലയിലാണു കാണുന്നത്. ഫോൺ ഓഫിസിൽ പിടിച്ചുവച്ചതല്ലെന്നും നിതിൻ ഫോൺ എടുക്കാതെ പോവുകയായിരുന്നു എന്നുമാണ് അധികൃതരുടെ വാദം




