തിരുവനന്തപുരം: ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ താല്‍കാലിക വൈസ് ചാന്‍സലര്‍മാരെ തുടരാന്‍ അനുവദിച്ച് ഗവര്‍ണ്ണര്‍ പുതിയ വിജ്ഞാപനം ഇറങ്ങി. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ചാന്‍സിലറായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പുതിയ വിജ്ഞാപനം ഇറക്കിയത്. ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസാ തോമസും സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. കെ ശിവപ്രസാദും വി സിമാരായി തുടരും. ഇരുവരും ഇന്ന് വി സിമാരായി ചുമതലയേല്‍ക്കും.
സര്‍ക്കാര്‍ പാനലിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് രണ്ട് വി സിമാരുടെയും പുനര്‍നിയമനം. സിസാ തോമസിന്റേയും എ. ശിവപ്രസാദിന്റെയും നിയമനം ചട്ട വിരുദ്ധമെന്നും താത്കാലിക വി സിമാരുടെ നിയമനം സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് തന്നെ നടത്തണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. താത്കാലിക വി സി നിയമനങ്ങള്‍ക്ക് യുജിസി ചട്ടം പാലിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു. ഗവര്‍ണറുടെ ഹര്‍ജിക്കെതിരെ സംസ്ഥാനം തടസ്സഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.






