തിരുവനന്തപുരം: ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ ദേശീയ നേതൃത്വം ഒരുങ്ങുന്നതായി റിപ്പോർട്ട്. സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ കശുവണ്ടി അഴിമതി കേസിൽ പ്രതിയായ സാഹചര്യത്തിലാണ് നടപടി ആലോചിക്കുന്നത്.
ആർ. ചന്ദ്രശേഖരനെതിരെ നടപടിയെടുക്കാനും സംഘടനയിൽ നിന്ന് പുറത്താക്കാനും ദേശീയ നേതൃത്വം നിർദേശം നൽകിയതായാണ് വിവരം. ചന്ദ്രശേഖരനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎൻടിയുസി ദേശീയ നേതൃത്വം നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
ചന്ദ്രശേഖരനെതിരെ നടപടി ആവശ്യപ്പെട്ട് ദേശീയ തലത്തിലുള്ള ചില മലയാളി നേതാക്കൾ നേതൃത്വത്തെ സമീപിച്ചിരുന്നതായും വിവരമുണ്ട്. സംഘടനയ്ക്കുള്ളിൽ നിന്നുമുള്ള പരാതികളും ദേശീയ നേതൃത്വത്തിന് ലഭിച്ചിരുന്നു.
സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ശേഷം പുതിയ നേതൃത്വത്തിന് ചുമതല നൽകാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ക്രമക്കേട് ആരോപണങ്ങളും ചന്ദ്രശേഖരനെതിരെ ഉയർന്നിരുന്നു.
2006 മുതൽ 2015 വരെ കശുവണ്ടി ഇറക്കുമതിയിൽ ചട്ടലംഘനം നടത്തി കോടികളുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. കേസിൽ ഖാദി ബോർഡ് മുൻ സെക്രട്ടറി രതീഷ് ഒന്നാം പ്രതിയും ആർ. ചന്ദ്രശേഖരൻ മൂന്നാം പ്രതിയുമാണ്.




