ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ടോളിലൂടെ ആദ്യ വരുമാനം ലഭിച്ചതായി ഇറാൻ അറിയിച്ചു.
ഹോർമുസിൽ നിന്നുള്ള ടോൾ വരുമാനത്തിന്റെ ആദ്യ ഗഡു സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി ഇറാൻ പാർലമെന്റിന്റെ ഡെപ്യൂട്ടി സ്പീക്കർ ഹമീദ് റെസ ഹാജിബാബേയ് വ്യക്തമാക്കി. ഇറാനിയൻ വാർത്താ ഏജൻസിയോടായിരുന്നു പ്രതികരണം. മറ്റ് മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഫെബ്രുവരി 28 മുതൽ തുടരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പ്രധാന കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് പ്രധാന സംഘർഷ കേന്ദ്രമായി മാറിയിരിക്കുകയാണ്. ലോകത്തെ എണ്ണ-വാതക ഗതാഗതത്തിന്റെ വലിയൊരു വിഹിതം കടന്നുപോകുന്ന ഈ വഴിയിലൂടെ ഇപ്പോൾ വളരെ കുറച്ച് കപ്പലുകൾ മാത്രമാണ് സഞ്ചരിക്കുന്നത്.
യുദ്ധത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ ഇറാൻ പാർലമെന്റ് ബിൽ പാസാക്കിയിരുന്നു. മാർച്ച് 30ന് പാർലമെന്റിന്റെ സുരക്ഷാ സമിതി ഇതിന് അനുമതി നൽകിയതായും റിപ്പോർട്ടുണ്ട്. എന്നാൽ അന്തിമ വോട്ടെടുപ്പിന്റെ വിവരങ്ങൾ വ്യക്തമായിട്ടില്ല.
അതേസമയം, നിയന്ത്രണങ്ങൾ ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുന്നതും ഇറാൻ ആരംഭിച്ചു. ഹോർമുസിലൂടെയുള്ള ഗതാഗത സുരക്ഷ ഉറപ്പാക്കാൻ ബ്രിട്ടൻ, ഫ്രാൻസ് ഉൾപ്പെടെ 30-ൽ അധികം രാജ്യങ്ങൾ ചർച്ചകൾ നടത്തുകയാണ്. ഇതിനിടെ, ഇറാന്റെ നടപടികൾക്ക് മറുപടിയായി യുഎസ് നാവിക ഉപരോധം ശക്തമാക്കിയതും ഇറാന്റെ എണ്ണ ഉൽപാദനത്തെ ബാധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.




