മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്) ബിപിഒ യൂണിറ്റിൽ ലൈംഗികവും മതപരവുമായ പീഡനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കാൻ ഓഫീസിലെ പാസ്‌വേഡുകളിൽ അശ്ലീല കോഡുകൾ ഉപയോഗിച്ചിരുന്നുവെന്നും ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു.
ട്രെയിനിംഗ് കാലം മുതൽ തന്നെ പീഡനം തുടരുകയായിരുന്നുവെന്ന് മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷനിൽ മൊഴി നൽകിയ ഒരാൾ വ്യക്തമാക്കി. പ്രതിയായ റാസ റഫീഖ് മേമൻ ഇടയ്ക്കിടെ ക്യാബിനിലേക്ക് വിളിച്ചു ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയതായും മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചതായും ആരോപിച്ചു.
മേലുദ്യോഗസ്ഥരോട് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പീഡനം കൂടുതൽ ശക്തമായതായും അവർ പറഞ്ഞു. ഡാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ എന്നിവരും പിന്നീട് സോഷ്യൽ മീഡിയ വഴി പിന്തുടർന്ന് അപവാദങ്ങൾ പ്രചരിപ്പിച്ചതായും പരാതിയുണ്ട്.
പോലീസ് അന്വേഷണത്തിൽ, ഓഫീസിലെ ഗ്രൂപ്പ് ലീഡർ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പതിവായി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും കണ്ടെത്തി. കൂടാതെ, വൈഫൈ പാസ്‌വേഡുകൾ പോലും അശ്ലീലവും മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലും മാറ്റിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
2022-ൽ ഡാനിഷ് ഷെയ്ഖ് വിവാഹിതനാണെന്ന വിവരം മറച്ച് വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകയുമായി ബന്ധം സ്ഥാപിച്ചതോടെയാണ് കേസിന് തുടക്കമായത്. പിന്നീട് യുവതി പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് വന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.




