ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള സുഹൃദ് രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് തുറന്നതായി ഇറാൻ അറിയിച്ചു. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ഈ വഴിയിലൂടെ ചരക്കുനീക്കം നടത്താമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ ഉദ്ധരിച്ച് മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു.
ഹോർമൂസ് കടലിടുക്ക് അടച്ചിടരുതെന്നും എല്ലാ രാജ്യങ്ങൾക്കും കടൽവഴി ഗതാഗതത്തിന് സൗകര്യം ഒരുക്കണമെന്നും യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ സുഹൃദ് രാജ്യങ്ങൾക്ക് പ്രത്യേക അനുമതി നൽകിയിരിക്കുന്നത്. ഇതിനുമുമ്പ് ഇസ്രായേൽ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ യു.എസ്. മുന്നോട്ടുവെച്ച 15 ഇന പദ്ധതിയെ ഇറാൻ ബുധനാഴ്ച തള്ളിക്കളഞ്ഞു. പകരം, ഹോർമൂസ് കടലിടുക്കിന്മേൽ ഇറാന്റെ അധികാരം അംഗീകരിക്കണം എന്നതടക്കം അഞ്ച് നിബന്ധനകൾ മുന്നോട്ടുവെച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമമായ ‘പ്രസ് ടി.വി.’ റിപ്പോർട്ട് ചെയ്തു.
എന്നാൽ, യു.എസ്. പദ്ധതി ഇറാൻ പൂർണ്ണമായും തള്ളിയിട്ടില്ലെന്നും അത് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ‘റോയിറ്റേഴ്സ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഔദ്യോഗിക മറുപടി കാത്തിരിക്കുകയാണെന്ന് യു.എസ്. നിർദേശം കൈമാറിയ പാകിസ്താനും അറിയിച്ചു.






