തൃശൂർ: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ വിതരണം ചെയ്ത ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി. ഒക്ടോബർ രണ്ടിന് തൃശൂരിൽ നിന്നും യാത്ര തുടങ്ങിയ മംഗളൂരു സ്വദേശിനി സൗമിനിയാണ് പരാതി നൽകിയത്. തൃശൂരിൽ നിന്ന് മൂന്ന് കുടുംബാംഗങ്ങൾക്കൊപ്പം ട്രെയിനിൽ കയറുന്ന സമയത്താണ് ഇവർക്ക് ചോറിനൊപ്പം നൽകിയ പരിപ്പ് കറിയിൽ പുഴുവിനെ കണ്ടെത്തിയത്. കൂടാതെ മറ്റ് യാത്രക്കാർക്ക് വിതരണം ചെയ്ത ഭക്ഷണത്തിലും സമാന പ്രശ്നം ഉണ്ടായതായി സൗമിനി ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കാറ്ററിംഗ് ജീവനക്കാരോട് ഉടൻ വിവരം അറിയിക്കുകയും ഐആർടിസി യുമായി ബന്ധപ്പെട്ട് പരാതി നൽകുകയും ചെയ്തു. തുടർന്ന് പണം തിരികെ നൽകി, വിഷയത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകി.
ഇത് പുതിയ പരാതി മാത്രമല്ല. ഇക്കഴിഞ്ഞ ഏപ്രിലിലും വന്ദേഭാരത് എക്‌സ്‌പ്രസ് യാത്രക്കിടയിൽ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയതായി പരാതിയുണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കാസർകോട് വരെ യാത്ര ചെയ്ത യാത്രികനാണ് അന്ന് ദുരനുഭവം നേരിട്ടത്. വിതരണം ചെയ്ത പൊറോട്ടയിൽ നിന്ന് പുഴുവിനെ കണ്ടെത്തിയതായും വീഡിയോയും അതിനൊപ്പമുണ്ടായിരുന്നു.
യാത്രക്കിടെ ഭക്ഷണത്തിന്റെ നിലവാരത്തിൽ ഗുരുതരമായ പിഴവുകൾ ആവർത്തിക്കപ്പെടുന്നത് IRCTC-യുടെ സേവന മാനദണ്ഡങ്ങൾക്കുള്ള വലിയ വെല്ലുവിളിയായി കാണപ്പെടുന്നു. യാത്രക്കാരുടെ ആരോഗ്യ സുരക്ഷയും ട്രെയിനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കാൻ അധികൃതർ അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ശബ്ദങ്ങൾ ശക്തമാകുകയാണ്.




