കണ്ണൂർ: ഏറെ ശ്രദ്ധ നേടിയ ഇരിട്ടി ശോഭ കൊലക്കേസിൽ പ്രതി മഞ്ജുനാഥ് കുറ്റക്കാരനാണെന്ന് തലശ്ശേരി കോടതി കണ്ടെത്തി. കർണാടക സ്വദേശിയായ മഞ്ജുനാഥിന്റെ (55) ശിക്ഷ നാളെ പ്രഖ്യാപിക്കും. കൊല്ലപ്പെട്ട ശോഭയുടെ രണ്ടാം ഭർത്താവാണ് പ്രതി. ഈ കൊലക്കേസ് പ്രമേയമാക്കിയാണ് ‘ഉയിർ’ എന്ന സിനിമ ഒരുക്കിയത്.
2017 ജനുവരി 14ന് പുലർച്ചെയായിരുന്നു കൊലപാതകം. ഇരിട്ടിയിലെ കടവരാന്തയിൽ രണ്ട് മക്കളോടൊപ്പം ഉറങ്ങുകയായിരുന്ന ശോഭയെ മഞ്ജുനാഥ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം ഇരിട്ടി ബസ് സ്റ്റാൻഡിന് സമീപത്തെ കിണറ്റിൽ തള്ളുകയായിരുന്നു. ശോഭയുടെ ആറു വയസ്സുള്ള മകൾ സംഭവത്തിന് സാക്ഷിയായത് കേസിൽ നിർണായകമായി.
കർണാടകയിൽ താമസിച്ചിരുന്ന മഞ്ജുനാഥ്, തുംകൂരിൽ ഭർത്താവ് രാജുവിനൊപ്പം കഴിഞ്ഞിരുന്ന ശോഭയുമായി പരിചയപ്പെടുകയായിരുന്നു. പിന്നീട് ശോഭയുടെ ആദ്യ ഭർത്താവ് രാജുവിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്ത ശേഷം ഇരുവരും കേരളത്തിലെത്തി. വിവിധ സ്ഥലങ്ങളിൽ താമസിച്ച ശേഷമാണ് ഇരിട്ടിയിലെത്തിയത്.
കൊലപാതകത്തിന് തലേദിവസം നാട്ടിലുള്ള ഭാര്യയെയും മകനെയും കാണാൻ പോകണമെന്ന് മഞ്ജുനാഥ് ആവശ്യപ്പെട്ടു. എന്നാൽ ശോഭ ഇതിനെ എതിർത്തു. രാജുവിനെ കൊലപ്പെടുത്തിയ വിവരം പൊലീസിൽ അറിയിക്കുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതോടെയാണ് കൊലപാതകം നടന്നതെന്നാണ് കേസ്.
ശോഭയെ കൊലപ്പെടുത്തിയ ശേഷം മഞ്ജുനാഥ് രണ്ട് കുട്ടികളെയും ട്രെയിനിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നീട് പൊലീസ് കുട്ടികളെ കണ്ടെത്തി. ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി സി.ജെ. ഡെന്നിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡർ കെ. അജിത് കുമാർ ഹാജരായി.


