കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണത്തിനിടെ മുകളിൽനിന്ന് ഇരുമ്പുദണ്ഡ് കാറിലേക്ക് വീണ് യുവതിക്ക് പരിക്കേറ്റു. പാലാരിവട്ടം പൈപ്പ് ലൈൻ മുതൽ ഇൻഫോപാർക്ക് വരെയുള്ള മെട്രോ പാതയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന പാടിവട്ടത്താണ് അപകടം ഉണ്ടായത്. കാക്കനാട് ഇൻഫോപാർക്കിലെ വിപ്രോ ജീവനക്കാരിയായ തൃശ്ശൂർ വാലുമ്മപ്പറമ്പ് സ്വദേശി ഗോപികയ്ക്കാണ് (26) പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ കാക്കനാട്-പാലാരിവട്ടം റൂട്ടിൽ പാടിവട്ടം കപ്പേളയ്ക്ക് സമീപത്തുവെച്ചായിരുന്നു സംഭവം. സുഹൃത്തിനൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ മെട്രോ പില്ലറിന് മുകളിൽനിന്ന് വലിയ ഇരുമ്പുദണ്ഡ് താഴേക്ക് പതിക്കുകയായിരുന്നു. കാറിന്റെ മുൻവശത്തെ വിൻഡ് ഷീൽഡ് തകർത്ത് അകത്തേക്കുകയറിയ കമ്പി ഗോപികയുടെ കൈയിലും കാലിലും പരിക്കേൽപ്പിച്ചു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
ഭാഗ്യംകൊണ്ടാണ് വലിയ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് ഗോപിക പറഞ്ഞു. തിരക്കേറിയ നഗരമധ്യത്തിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു നിർമാണപ്രവർത്തനങ്ങൾ നടന്നതെന്നും അവർ ആരോപിച്ചു. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ എൻജിനിയർമാരുടെ സമീപനം നിരുത്തരവാദപരമായിരുന്നുവെന്നും ഗോപിക വ്യക്തമാക്കി.
സംഭവത്തിൽ കരാർ കമ്പനിയായ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ചറിനെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചു. പരിക്കേറ്റ യുവതിക്ക് ആവശ്യമായ ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കാൻ നിർദേശം നൽകിയതായും അധികൃതർ വ്യക്തമാക്കി.
അപകടത്തെ തുടർന്ന് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച കെ.എം.ആർ.എൽ., സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചു. കരാർ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും, സുരക്ഷാ നടപടികൾ പൂർണമായി ഉറപ്പാക്കിയ ശേഷമേ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കൂ എന്നും അധികൃതർ അറിയിച്ചു.






