മുംബൈ: ഐപിഎല്ലിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ നിർണായക മാറ്റങ്ങൾക്കൊരുങ്ങി ബിസിസിഐ. ഏകദിന, ട്വന്റി 20 ഫോർമാറ്റുകൾക്ക് ഒരൊറ്റ നായകനെ നിയമിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഈ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരുടെ പേരാണ് പരിഗണിക്കുന്നതെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ശ്രേയസിനെ ട്വന്റി 20 ടീമിലേക്ക് തിരികെ വിളിക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ വാർത്തകളും. സൂര്യകുമാർ യാദവ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, ശ്രേയസിന് ടീമിന്റെ നായകസ്ഥാനം നൽകാനാണ് സാധ്യത. രണ്ട് ഫോർമാറ്റുകൾക്കും ഒരു നായകൻ എന്ന് തീരുമാനിച്ചാൽ ഏകദിന ടീമിന്റെ ചുമതലയും ശ്രേയസിന് ലഭിച്ചേക്കും. ശ്രേയസിന്റെ സമീപകാല ഫോമിൽ ബോർഡ് സംതൃപ്തരാണ്.
അടുത്ത സീസണിനുള്ള തയ്യാറെടുപ്പുകൾ നടക്കുമ്പോൾ ഇന്ത്യൻ ട്വന്റി 20 ടീമിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് ബിസിസിഐ വൃത്തങ്ങൾ എൻഡിടിവിയോട് സ്ഥിരീകരിച്ചു.






