കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ പ്രതാപനും. ഹൈക്കമാൻഡിനെ തന്‍റെ താൽപര്യം പ്രതാപൻ അറിയിച്ചതായാണ് വാർത്തകൾ. കെ.സി വേണുഗോപാൽ പക്ഷത്തുള്ള പ്രതാപൻ മുഖ്യമന്ത്രി വി.ഡി സതീശന്‍റെ പിന്തുണയും തേടിയതായാണ് സൂചന. കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പിന്തുണ നിര്‍ണായകമാണ്.
കൊടിക്കുന്നിൽ സുരേഷാണ് അധ്യക്ഷനാവാൻ താൽപര്യം അറിയിച്ചവരിൽ പ്രധാനി. അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. 52 ദലിത്-ആദിവാസി സംഘടനകള്‍ ഉള്‍പ്പെടുന്ന ജസ്റ്റിസ് ഫോര്‍ നിതിന്‍രാജ് ആക്ഷന്‍ കൗണ്‍സില്‍, സംവരണ സമുദായ മുന്നണി എന്നിവയുടെ നേതൃത്വത്തിലാണ് കത്തയച്ചിരിക്കുന്നത്. ദലിതരുടെ സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ ദളിത് ചിന്തകനും നേതാവുമായ സണ്ണി എം.കപിക്കാട് കത്ത് രാഹുല്‍ ഗാന്ധിക്ക് കൈമാറിയിരുന്നു.




