തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാൾ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും.
ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുന്ന സമയങ്ങളിൽ ജനലുകളും വാതിലുകളും അടച്ചിടുകയും വൈദ്യുത ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വേണം.
ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങളിലും ടെറസുകളിലും തുടരുന്നതും മരങ്ങൾക്കടിയിൽ അഭയം തേടുന്നതും ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ ഉൾപ്പെടെ തുറസ്സായ സ്ഥലങ്ങളിൽ കളിക്കരുതെന്നും നിർദേശമുണ്ട്.
മിന്നലേറ്റ് അപകടമുണ്ടായാൽ ഉടൻ പ്രഥമ ശുശ്രൂഷ നൽകുകയും വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്യണമെന്ന് ദുരന്തനിവാരണ അധികൃതർ അറിയിച്ചു.




