കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യം ലഭിച്ചിട്ടുള്ളതിനാൽ ചോദ്യംചെയ്ത ശേഷം റിബേഷിനെ പൊലീസ് വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്രത്യേക അന്വേഷണസംഘം റിബേഷിനെ ചോദ്യം ചെയ്തത്. കേസിൽ റിബേഷ് രണ്ടാം പ്രതിയാണ്.
നേരത്തെ രണ്ട് തവണ റിബേഷിനെ അന്വേഷണസംഘം ചോദ്യംചെയ്യലിന് വിളിപ്പിച്ചിരുന്നു. എന്നാൽ അന്ന് ഇയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് പ്രതിയാക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് റിബേഷ് മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിക്കുകയായിരുന്നു. ജൂലൈ 17ന് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി റിബേഷിന് മുൻകൂർ ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകിയത്.
വിവാദമായ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ചവരിൽ റിബേഷും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. കേസിൽ അറസ്റ്റിലായ ജിതിൻ ഭാസ്‌കറാണ് സ്‌ക്രീൻഷോട്ട് റിബേഷിന് കൈമാറിയതെന്നും തുടർന്ന് റിബേഷ് വിവിധ ഗ്രൂപ്പുകളിൽ ഇത് പങ്കുവെച്ചതായും അന്വേഷണസംഘം പറയുന്നു.




