തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാന തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന് ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ സെപ്റ്റംബർ 16 രാത്രി 11.30 വരെ 0.7 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമായ (INCOIS) അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട് മുതൽ ഇടവ വരെയും കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയും കണ്ണൂരിൽ വളപട്ടണം മുതൽ ന്യൂമാഹി വരെയുമുള്ള തീരപ്രദേശങ്ങളിലാണ് മുന്നറിയിപ്പ്.
കന്യാകുമാരി തീരത്തും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇവിടെ രാവിലെ 11.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് INCOIS മുന്നറിയിപ്പ്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശപ്രകാരം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കാനും നിർദേശമുണ്ട്.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം. തിരമാല ശക്തമാകുന്ന സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയിലേക്ക് അടുപ്പിക്കുന്നതും അപകടകരമായതിനാൽ ഇക്കാര്യത്തിലും ജാഗ്രത വേണം.
INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമടക്കമുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുകയും വേണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.












