കോഴിക്കോട്: ഇഡി ആരോപണങ്ങൾക്കെതിരെ സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. വാർത്തകൾ ബോധപൂർവം മോശം പ്രതിച്ഛായ ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് റിയാസ് ആരോപിച്ചു.
വീണ വിജയൻ കള്ളപ്പണം സ്വീകരിച്ചെന്ന് സമ്മതിച്ചുവെന്ന പ്രചാരണം പൂർണമായും തെറ്റാണെന്ന് റിയാസ് പറഞ്ഞു. പല സ്ഥലങ്ങളിലും പരിശോധന നടത്തിയിട്ടും വീണയെ മൂന്ന് തവണ ചോദ്യം ചെയ്തിട്ടും ഹവാല ഇടപാടുകളെക്കുറിച്ച് ഇഡി ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനപ്പെട്ട തെളിവാണെങ്കിൽ അത് ഇത്തരത്തിൽ പുറത്തുവിടുമോയെന്നും വിശാല സംസ്ഥാന സമിതി അവസാനിക്കുന്ന ദിവസം തന്നെ ഇത് പുറത്തുവിട്ടത് എന്തിനാണെന്നും റിയാസ് ചോദിച്ചു. ഇഡിയെ പോലുള്ള കേന്ദ്ര ഏജൻസി നൽകുന്ന വിവരങ്ങൾ തെളിവെന്ന നിലയിൽ പുറത്തുവിടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയം നിയമപരമായി നേരിടും. ഒരു തരത്തിലും ഭയപ്പെടില്ലെന്നും റിയാസ് വ്യക്തമാക്കി. സംഭവങ്ങൾ കൃത്യമായി തയ്യാറാക്കിയ തിരക്കഥ പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. ആരോപണങ്ങളിലൂടെ കരിവാരിത്തേക്കാൻ ശ്രമിച്ചാൽ അത് വിലപ്പോകില്ലെന്നും ജനങ്ങൾ ഒപ്പമുണ്ടാകുമെന്നും റിയാസ് പറഞ്ഞു.
അതേസമയം, ബിസിനസുമായി ബന്ധപ്പെട്ട് വീണ വിജയൻ നൽകിയ മൊഴിയും ഇഡി പുറത്തുവിടണമെന്ന് റിയാസ് ആവശ്യപ്പെട്ടു. രേഖയിൽ ഒപ്പിട്ടത് അതിലെ എല്ലാ കാര്യങ്ങളും അംഗീകരിച്ചതിന്റെ തെളിവല്ലെന്നും അദ്ദേഹം പറഞ്ഞു.


