തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനം കെഎസ്ഇബി ഉപേക്ഷിച്ചു. എൻടിപിസിയിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നീക്കമാണ് കെഎസ്ഇബി അവസാനിപ്പിച്ചത്.
ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയാൽ ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത ജനങ്ങൾക്ക് ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം മാറ്റിയത്. നിലവിൽ കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉറപ്പായിട്ടുള്ളത്.
ബദൽ മാർഗം കണ്ടെത്താനായില്ലെങ്കിൽ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ സാധ്യതയുണ്ട്. രാത്രികാല വൈദ്യുതി നിയന്ത്രണം ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ സർക്കാർ നേരത്തെ തന്നെ വലിയ വിമർശനം നേരിട്ടിരുന്നു. അതേസമയം, യൂണിറ്റിന് 10 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ബദൽ മാർഗങ്ങൾ തേടുന്ന ശ്രമങ്ങൾ സർക്കാർ തുടരുകയാണ്.












