ദോഹ: സിറിയൻ ജനതക്ക് പിന്തുണയുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. സിറിയയിലെ ഇസ്രയേൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഖത്തർ അമീർ പിൻതുണയുമായി എത്തിയത്. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറയെ ഫോണിൽ വിളിച്ചാണ് അമീർ സിറിയൻ ജനതയോടുള്ള ഖത്തറിന്റെ ഐക്യദാർഢ്യം അറിയിച്ചത്.
സിറിയക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിക്കുന്നുവെന്നും സിറിയൻ ജനതയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും, പ്രദേശിക സമഗ്രത നിലനിർത്തുന്നതിനും, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് ഖത്തർ അമീർ വ്യക്തമാക്കി.
സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനവുമാണെന്നും പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും അമീർ പറഞ്ഞു. സിറിയയെ പിന്തുണയ്‌ക്കുന്ന നിലപാടിന് അമീറിനും ഖത്തറിനും സിറിയൻ പ്രസിഡന്റ് നന്ദി അറിയിച്ചു.






