വെസ്റ്റ് ബാങ്ക്: റമദാനിലെ ആദ്യ ദിനത്തിലും വെസ്റ്റ്ബാങ്കിൽ സൈനിക നടപടി തുടർന്ന് ഇസ്രായേൽ. ജെനിൻ അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് നിരവധി ഫലസ്തീൻ യുവാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇസ്രായേൽ സൈന്യം രാത്രി വീടുകളിലേക്ക് ഇരച്ചുകയറുന്നതിന്റെ അടക്കം ദൃശ്യങ്ങൾ പുറത്തുവന്നിട്ട്. സ്ഫോടനത്തിൽ വീടുകൾ തകർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിൽ ഒരു യുവാവിനെ ഇസ്രായേൽ സേന വെടിവെച്ച് കൊന്നിരുന്നു.
വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആരംഭിച്ച പുതിയ അധീനപ്പെടുത്തൽ നീക്കത്തെ ഇന്ത്യയടക്കം നൂറോളം രാജ്യങ്ങൾ അപലപിച്ചു. വെസ്റ്റ് ബാങ്കിലെ പുതിയ നീക്കത്തിനെതിരെ യു.എന്നിൽ കൊണ്ടുവന്ന സംയുക്ത പ്രസ്താവന 85 രാജ്യങ്ങളാണ് അനുകൂലിച്ചിരുന്നത്.ഈ പട്ടികയിൽ ഇന്ത്യയുണ്ടായിരുന്നില്ല. പിന്നീടാണ് 100 രാജ്യങ്ങളുടെ പേരു ചേർത്ത് വിപുലീകരിച്ച പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടത്. വെസ്റ്റ് ബാങ്ക് നിയമവിരുദ്ധമായി കൂട്ടിച്ചേർക്കാനുള്ള ഇസ്രായേലിന്റെ ഏകപക്ഷീയ നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയടക്കം നൂറു രാജ്യങ്ങൾ ഒപ്പുവെച്ച പ്രസ്താവന ഫലസ്തീൻ പ്രതിനിധി കഴിഞ്ഞ ദിവസം യു.എന്നിൽ വായിച്ചിരുന്നു.










