നടൻ കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ചുവെന്ന് ആരോപിച്ച് നടി ദിവ്യ ഉണ്ണിക്കെതിരെ വർഷങ്ങളായി നിലനിന്നിരുന്ന വിവാദങ്ങൾക്ക് വിരാമമിട്ട് സംവിധായകൻ വിനയൻ. കലാഭവൻ മണിയെ അപമാനിച്ച നായിക ദിവ്യ ഉണ്ണി അല്ലെന്ന് വിനയൻ തുറന്നുപറഞ്ഞു. വിവാദത്തിന് ആസ്പദമായ സംഭവം നടന്നത് ‘കല്യാണ സൗഗന്ധികം’ എന്ന സിനിമയുടെ സെറ്റിലല്ലെന്നും, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യഥാർഥ സംഭവമെന്നും ആ നടി ദിവ്യ ഉണ്ണി അല്ലെന്നും വിനയൻ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
വിനയൻ സംവിധാനം ചെയ്ത ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് ദിവ്യ ഉണ്ണിക്കെതിരെ ഈ ആരോപണം ഉയർന്നത്. മണിയുടെ നായികയായി അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് ദിവ്യ ഉണ്ണി പറഞ്ഞതായി വ്യാപകമായി വാർത്തകൾ പ്രചരിക്കുകയും നടിക്കു നേരെ വലിയ സൈബർ ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ സംവിധായകൻ വിനയൻ തന്നെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയത്.
‘‘അത് ഈ സിനിമ അല്ല. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് പ്രശസ്തയായ ഒരു നടി അങ്ങനെ പറഞ്ഞത്. ആ നായിക നടിയുടെ പേര് ഞാനിതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. ‘കല്യാണ സൗഗന്ധിക’ത്തിൽ മണിയുമായി ലൗ സീനുള്ള ഒരു പാട്ടാണ് എടുക്കാൻ പോകുന്നതെന്നു അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞപ്പോൾ ‘ഏയ് മണിച്ചേട്ടന്റെ കൂടെ ഞാനല്ല, എന്റെ ഹീറോ ദിലീപ് ചേട്ടനാണ്’ എന്ന് ദിവ്യ പറഞ്ഞതിനെ പറ്റി മണി ഒരു ഇന്റർവ്യൂവിൽ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. അത് ശരിയുമായിരുന്നു. ദിലീപിന്റെ നായിക ആകാൻ ആദ്യമായി സിനിമയിലേക്കു വന്ന ഒരു പതിനാലുകാരിയുടെ സ്വപ്നം നിറഞ്ഞ ആകാംക്ഷയായി മാത്രമേ അതിനെ കണ്ടിട്ടുള്ളൂ. കാര്യം പറഞ്ഞു മനസ്സിലാക്കിയപ്പോൾ ദിവ്യ അതു ചെയ്യുകയും ചെയ്തു.






