തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്രത്തോളം വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്നും, ഇതൊരു പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിയാനോ മാറത്തടിച്ച് നിലവിളിക്കാനോ പോകുന്നില്ലെന്നും തിരുത്തി മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേർത്തു.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ട് മാത്രമേ പോകാനാവുകയുളളു എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതീക്ഷയ്ക്ക് അതീതമായ ഫലമാണ് ഉണ്ടായതെന്നും എല്ലാ തലങ്ങളും പരിശോധിച്ച് വിലയിരുത്തുമെന്നും എല്ലാ ജില്ലകളിലും പാര്‍ട്ടി കമ്മിറ്റി കൂടുമെന്നും അദ്ദേഹം പറഞ്ഞു. ശേഷം സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് പാര്‍ട്ടി വേണ്ട മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിൽ ബിജെപി മണ്ഡലങ്ങൾ പിടിച്ചതിനെതിരെയും ബിനോയ് വിശ്വം പ്രതികരിച്ചു. കേരള രാഷ്ട്രീയത്തില്‍ 3 സീറ്റ് വാങ്ങി ബിജെപി അധികാരത്തില്‍ എത്തിയത് വലിയൊരു വിപത്താണെന്നാണ് പ്രതികരണം.




