പത്തനംതിട്ട: കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. കെ.സി. വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ സ്വാധീനത്തിലാണ് നിരവധി എംഎൽഎമാർ വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് പാർട്ടി ഹൈക്കമാൻഡാണെന്നും അതിൽ ഒരു സമുദായ നേതാവിനും അവകാശമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വി.ഡി. സതീശൻ നല്ല പ്രതിപക്ഷ നേതാവാണെന്നും ലീഗിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയെ കുറിച്ചും വെള്ളാപ്പള്ളി അനുകൂലമായി സംസാരിച്ചു. പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് ചെന്നിത്തലയും എല്ലാവരെയും ഒരുമിപ്പിക്കാൻ കഴിവുള്ള വ്യക്തിയുമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം താനാണെന്ന് പറയുന്നവരുടെ പിന്നിൽ ലീഗ് ആണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. തന്റെ നിലപാട് മാറില്ലെന്നും എസ്എൻഡിപി യോഗത്തെ തകർക്കാൻ ആരാലും സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ രാജിവെക്കുമെന്ന തന്റെ പഴയ പ്രസ്താവനയെക്കുറിച്ച് പ്രതികരിച്ച വെള്ളാപ്പള്ളി, അത്തരം പ്രസ്താവനകൾ സാധാരണയായി പറയുന്നതാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്നും വ്യക്തമാക്കി




