ട്രെയ്‌ലർ ഇല്ലാതെ പുറത്തിറങ്ങിയ ഒരു ചിത്രത്തെക്കുറിച്ച് പറയാൻ പറഞ്ഞാൽ നമ്മുടെ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ഒരു ചിത്രം നിവിൻ പോളി നായകനായെത്തിയ പ്രേമം ആയിരിക്കും അല്ലെ? മലയാളത്തില്‍ പുതിയ ട്രെന്‍ഡ് സെറ്ററായി എത്തിയ ചിത്രമായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. 2015 മെയ് 29 നായിരുന്നു സിനിമയുടെ റിലീസ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചാവിഷയമായ പ്രേമത്തിന് ഇന്ന് പത്ത് വയസ് തികഞ്ഞിരിക്കുകയാണ്.
മലയാളത്തിന് പുറമെ ചിത്രം തമിഴ്‌നാട്ടിലും വിജയം കൊയ്തിരുന്നു . തമിഴ്‌നാട്ടിൽ 200 ദിവസത്തോളമാണ് പ്രേമം പ്രദര്‍ശിപ്പിച്ചത്. നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിൻ്റെ കൗമാരം മുതലുള്ള മൂന്ന് കാലഘട്ടത്തില്‍ നടക്കുന്ന സംഭവങ്ങളായിരുന്നു പ്രേമം സിനിമയില്‍ അവതരിപ്പിച്ചത്.പകരം റിലീസായ രണ്ട് ഗാനങ്ങൾ ചിത്രത്തിനു നല്ല ഹൈപ്പ് നൽകി. അൽഫോൻസിന്റെ സ്വദേശമായ ആലുവയിലായിരുന്നു ഏറെ രംഗങ്ങളും ഷൂട്ട് ചെയ്തിരുന്നത്. ആലുവ യൂസി കോളജും പ്രധാന ലോക്കേഷനുകളിലൊന്നായി മാറി. പല തവണ റിലീസിങ് തീയതികൾ മാറ്റിയ ചിത്രം ഒടുവിൽ 2015- മേയ് 29നാണ് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലേക്ക് ഒരുപിടി നല്ല താരങ്ങളെയും അണിയറ പ്രവർത്തകരെയും സംഭാവന ചെയ്ത ചിത്രം കൂടിയായിരുന്നു പ്രേമം. പുതുമുഖങ്ങളായി എത്തിയ സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ തന്നെ വില പിടിപ്പുള്ള താരങ്ങളായി മാറി.
ചിത്രത്തിലെ ഗാനങ്ങളും കഥാപാത്രങ്ങളും എന്തിന് കോസ്റ്റ്യൂം പോലും അന്നത്തെ യുവ തലമുറ ഏറ്റെടുത്തിരുന്നു. അൽത്താഫ്, ഷറഫുദ്ദീൻ, ശബരീഷ്, കൃഷ്ണപ്രസാദ്, സിജു വിൽസൺ തുടങ്ങിയവർക്കൊപ്പം രഞ്ജി പണിക്കർ, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, മണിയൻ പിള്ള രാജു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അൻവർ റഷീദ് ആയിരുന്നു ചിത്രം നിർമിച്ചത്. ചിത്രം പിന്നീട് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.
ദൈവത്തിനും സൂര്യനും കാലത്തിനും പ്രേമത്തിനും നന്ദി പറഞ്ഞാണ് സിനിമ ആരംഭിക്കുന്നത്. അപ്പോൾ മുതൽ ഒപ്പം കൂടുന്ന പൂമ്പാറ്റ എൻഡ് ക്രെഡിറ്റ് കഴിയുന്നതുവരെ സിനിമയ്ക്കും പ്രേഷകർക്കും ഒപ്പമുണ്ട്. “ദൈവം ചലിക്കാനാവാത്ത പൂക്കളെ പൂമ്പാറ്റകളാൽ ഒന്നിപ്പിച്ചു. ചലിക്കുന്ന പൂക്കളെ നിങ്ങൾക്ക് പൂമ്പാറ്റയെ പ്രേമം എന്ന വികാരമായി നൽകി. ബട്ടർഫ്ലൈസ് ആർ മെൻ്റലി മെൻ്റൽ. സോ ഈസ് ലവ്” എന്ന വാചകങ്ങൾ പ്രേഷകരും കൂടെ കൂട്ടുന്നു. സിനിമ കഴിഞ്ഞിറങ്ങുമ്പോൾഴുണ്ടായിരുന്ന പ്രേമത്തോടുള്ള പ്രണയം പത്ത് വർഷങ്ങൾക്കിപ്പുറവും പ്രേഷകർ ഇന്നും അവസാനിപ്പിച്ചിട്ടില്ല.






