ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പഹൽഗാമിലും ഷാംഗസിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു.
ഇന്നലെ രാത്രി ഒരു മണിക്കൂറിനിടെ ഉണ്ടായ ഇരട്ട മേഘവിസ്‌ഫോടനമാണ് പ്രദേശങ്ങളിൽ പ്രളയത്തിന് കാരണമായത്. പഹൽഗാമിലെ നിരവധി ഹോട്ടലുകളിലും ഹോംസ്റ്റേകളിലും വെള്ളം കയറി. ഷാംഗസിലെ താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.
അതേസമയം, സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനുമായി പ്രത്യേക സംഘങ്ങളെ പ്രളയബാധിത മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ കിഷ്ത്വാറിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. നിർമാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതി പ്രദേശത്ത് മണ്ണും ചെളിയും അടിഞ്ഞതിനെ തുടർന്ന് വാഹനങ്ങളും നിർമാണ ഉപകരണങ്ങളും മണ്ണിനടിയിലായി. ദോഡ–കിഷ്ത്വാർ ഹൈവേയിൽ മണ്ണും കല്ലും നിറഞ്ഞതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴയെ തുടർന്ന് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ദിവസങ്ങളായി തുടരുന്ന മഴയിൽ 13 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. പുണെയിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്.




