കോഴിക്കോട്: ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായിരുന്ന അമ്മയെ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. കോഴിക്കോട് ചേളന്നൂർ കാവുകുളങ്ങര സ്വദേശിനിയായ ധനലക്ഷ്മിയെയാണ് അഡീഷണൽ സെഷൻസ് കോടതി–4 ജഡ്ജി പി. പ്രദീപ് കുറ്റവിമുക്തയാക്കിയത്.
2019 നവംബർ 2-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് മകൻ തടസ്സമാകുമെന്ന കരുതലിൽ കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്റെ കേസ്.
എന്നാൽ സാക്ഷിമൊഴികളും ഹാജരാക്കിയ തെളിവുകളും പരിശോധിച്ച കോടതി, ധനലക്ഷ്മിക്കെതിരായ കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റവിമുക്തയാക്കി വെറുതെവിട്ടത്.
വിചാരണക്കാലയളവിൽ 82 ദിവസം ധനലക്ഷ്മി ജയിൽവാസം അനുഭവിച്ചിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി. കുമാരൻകുട്ടിയും അഡ്വ. സഫൽ കല്ലറംകെട്ടിലും ഹാജരായി.




