ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന സാധാരണക്കാരായ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ മാസ്ക് ധരിച്ച് വേഷംമാറി പരിശോധനയ്ക്കിറങ്ങിയ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് ശരിക്കും അക്കാര്യം അറിഞ്ഞു. കയ്യിൽ ചില്ലറയില്ലെന്ന കാരണത്താൽ മന്ത്രിയെ ബിഎംടിസി ബസിൽ നിന്നും കണ്ടക്ടർ ഇറക്കിവിട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സിനിമാക്കഥയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വേഷംമാറിയെത്തിയ മന്ത്രിയെ തിരിച്ചറിയാതിരുന്നതിനെ തുടർന്ന് ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പിന്നീട് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
ബസിൽ കയറിയ ശേഷം രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ട മന്ത്രി കണ്ടക്ടർക്ക് 100 രൂപയുടെ നോട്ട് കൈമാറി. എന്നാൽ കൃത്യമായ ചില്ലറ പണം നൽകണമെന്ന് കണ്ടക്ടർ ആവശ്യപ്പെടുകയായിരുന്നു. തന്റെ പക്കൽ ചില്ലറയില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ, “ചില്ലറയില്ലെങ്കിൽ ബസിൽ നിന്നും ഇറങ്ങിപ്പോകൂ” എന്ന് കണ്ടക്ടർ രൂക്ഷമായ ഭാഷയിൽ പറയുകയായിരുന്നു. മാസ്ക് ധരിച്ചിരുന്നതിനാൽ ബസ് ഡ്രൈവർക്കോ കണ്ടക്ടർക്കോ ഇത് ഗതാഗത മന്ത്രിയാണെന്ന് മനസ്സിലായില്ല. തർക്കത്തിനൊന്നും നിൽക്കാതെ താൻ ആരാണെന്ന് വ്യക്തമാക്കാതെ മന്ത്രി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. പിന്നീടാണ് നടപടി വന്നത്.












