ദൃശ്യം 3 കാത്തിരിക്കുന്ന ത്രില്ലർ പ്രേമികൾക്ക് ഡബിൾ ഹാപ്പി ന്യൂസുമായി സംവിധായകൻ ജീത്തു ജോസഫ്. ജിത്തു ജോസഫ് അഭിനയിക്കുന്ന ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ വെബ് സീരീസ് ഫെബ്രുവരി 27 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. കേരള ക്രൈം ഫയൽസ്, 1000 ബേബീസ്, ലവ് അണ്ടർ കൺസ്ട്രക്ഷൻ എന്നീ സൂപ്പർഹിറ്റ് മലയാളം വെബ് സീരീസുകൾക്ക് ശേഷമാണ് മറ്റൊരു ത്രില്ലറുമായി ഹോട്സ്റ്റാറെത്തുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും കാണാം. സുമേഷ് നന്ദകുമാറാണ് സംവിധായകൻ. ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ വിനായക് ശശികുമാർ ആദ്യമായി തിരക്കഥയെഴുതുന്നു എന്ന പ്രത്യേകതയുമുണ്ട്. മൂത്തോൻ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സഞ്ജന ദീപുവാണ് കേന്ദ്ര കഥാപാത്രമായ റോസ്ലിനെ അവതരിപ്പിക്കുന്നത്. മീന, വിനീത്, ഹക്കിം ഷാജഹാൻ എന്നിവരും വേഷമിടുന്നുണ്ട്.






