ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ 10 മണിയോടെ ഹൈക്കമാൻഡ് പുറത്തുവിടും. മത്സരിക്കാൻ താത്പര്യം അറിയിച്ച കെ. സുധാകരൻ ഇന്ന് 12 മണിയോടെ മാധ്യമങ്ങളെ കാണും. പാർട്ടി സ്ഥാനാർഥിത്വം ലഭിക്കാത്ത പക്ഷം കണ്ണൂർ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.
കോന്നിയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച അടൂർ പ്രകാശിന് സീറ്റ് നൽകേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ നിലവിലെ നിലപാട്. അതേസമയം, രമേശ് ചെന്നിത്തലയുടെ അടുത്ത സഹായി ജോസഫ് വാഴയ്ക്കനും സീറ്റ് ലഭിക്കില്ലെന്നാണ് സൂചന. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ എട്ട് മണ്ഡലങ്ങളിൽ അദ്ദേഹത്തെ പരിഗണിച്ചിരുന്നു.
ഏറ്റുമാനൂർ മണ്ഡലത്തിലേക്ക് അവസാനമായി പരിഗണിച്ചെങ്കിലും, വാഴയ്ക്കന് പകരം നാട്ടകം സുരേഷ് സ്ഥാനാർഥിയാകാനാണ് സാധ്യത. നാട്ടകം സുരേഷിന്റെ പേര് കാഞ്ഞിരപ്പള്ളിയിലും പരിഗണിക്കുന്നുണ്ട്. അദ്ദേഹം ഏറ്റുമാനൂരിലേക്ക് മാറിയാൽ, കാഞ്ഞിരപ്പള്ളിയിൽ പ്രൊഫ. റോണി കെ ബേബി സ്ഥാനാർഥിയാകുമെന്നാണ് വിവരം. നേമം മണ്ഡലത്തിൽ സിപിഎമ്മും ബിജെപിയും ശക്തമായ മത്സരത്തിലാണ്. ഇവിടെ കെ.എസ്. ശബരിനാഥനെ സ്ഥാനാർഥിയാക്കാൻ സാധ്യതയുണ്ട്. പൂഞ്ഞാറിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.






