ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര റാവുവിൻ്റെ മകൾ കെ കവിത പുതിയ പാർട്ടി പ്രഖ്യാപനം നടത്തി. പുതിയ പാർട്ടിക്ക് ‘തെലങ്കാന രക്ഷണ സേന’ (ടിആർഎസ്) എന്ന പേര് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. പാർട്ടിക്ക് തെലങ്കാന രാഷ്ട്ര സേന എന്ന പേരാണ് ആദ്യം നിർദേശിച്ചിരുന്നതെങ്കിലും തെലങ്കാന രക്ഷണ സേന എന്ന പേരിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയത്. മെഡ്ചലിലെ അദ്വയ കൺവെൻഷൻ സെൻ്ററിൽ നടന്ന ചടങ്ങിലാണ് കെ കവിത പുതിയ പാർട്ടി പ്രഖ്യാപനം നടത്തിയത്. ചന്ദ്രശേഖര റാവുവിൻ്റെ ഭാരത് രാഷ്ട്ര സമിതിയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഏഴുമാസങ്ങൾക്ക് ശേഷമാണ് പാർട്ടി പ്രഖ്യാപനം.




