ആലപ്പുഴ: ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെതിരെ തുറന്നടിച്ച് മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ. ഞങ്ങള്‍ക്കെതിരെ മത്സരിച്ച പഴയ കോണ്‍ഗ്രസുകാരനായ തോമസിന് മാസം പത്തുമുപ്പത് ലക്ഷം രൂപയാണ് കിട്ടുന്നതെന്നും ഇതൊക്കെ കൊണ്ടുപോയി പുഴുങ്ങിത്തിന്നുമോ എന്നും അദ്ദേഹം ആലപ്പുഴയില്‍ സംഘടിപ്പിച്ച വാർത്താസമ്മേളനത്തില്‍ ചോദിച്ചു. അയാള്‍ ഫ്ലൈറ്റില്‍ പോയി വരുന്നതിന് ചെലവുണ്ടാകും. മാസം 10 തവണ ഡല്‍ഹിയില്‍ പോയി വരുന്നതിന് എത്ര ചെലവ് വരും. അതോ ദിവസവും പോയി വരുന്നുണ്ടോ -സുധാരകരൻ ചോദിച്ചു.
‘ഡല്‍ഹിയിലിരിക്കുന്ന കെവി തോമസിന് 12 ലക്ഷം രൂപ യാത്രാ ചെലവ്. രണ്ടര, മൂന്നര ലക്ഷം ശമ്ബളം മാത്രം. അയാള്‍ക്ക് കോളേജ് പ്രൊഫസറുടെ പെൻഷൻ, എംഎല്‍എയുടെ പെൻഷൻ, എംപിയുടെ പെൻഷൻ. പിന്നെ ഈ ശമ്പളവും. ഒരു മാസം എത്രലക്ഷം രൂപ കിട്ടും. ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? എന്തിനാ ഇത്രയൊക്കെ പൈസ. പത്തുമുപ്പത് ലക്ഷം രൂപയല്ലേ കിട്ടുന്നത്. അയാളാണെങ്കില്‍ പഴയ കോണ്‍ഗ്രസുകാരൻ, ഡിസിസി പ്രസിഡന്റ്, ഞങ്ങള്‍ക്കെതിരെ മത്സരിച്ചയാള്‍. അതുപോട്ടെ, നമ്മുടെ ഭാഗത്തേക്ക് വന്നു. നമ്മള്‍ അദ്ദേഹത്തെ പരിഗണിച്ചു’- ജി സുധാകരൻ പറഞ്ഞു.ഞങ്ങളൊക്കെ എംഎല്‍എയായിരുന്നു, മന്ത്രിയായിരുന്നു, പാർട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. വെറും 35,000 രൂപ മാത്രമാണ് പെൻഷനായി പ്രതിമാസ വരുമാനമുള്ളൂ. അത് എംഎല്‍എയായത് കൊണ്ടാണ്. അല്ലെങ്കില്‍ എനിക്കൊരു വരുമാനം ഉണ്ടാവില്ലായിരുന്നു. ആർക്ക് കൊടുത്താലും ഞങ്ങള്‍ക്ക് അതില്‍ ഒരു വിഷമവുമില്ല. ഈ കൊടുത്തതിലൊന്നും എനിക്ക് അഭിപ്രായവ്യത്യാസമില്ല’- ജി സുധാകരൻ പറഞ്ഞു.






