മലയാള സിനിമാ രംഗത്തെ വലിയ വേദനയായിരുന്നു കലാഭവൻ നവാസിന്റെ വിയോഗം. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് നവാസ് അന്തരിച്ചത്. നവാസും ഭാര്യയും നടിയുമായ രഹ്നയും അഭിനയിച്ച ‘ഇഴ’ എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനകം 2.2 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. നവാഗതനായ സിറാജ് റെസയാണ് ഇഴയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി മലയാള സിനിമയിലേക്ക് തിരിച്ചുവന്ന ചിത്രം കൂടിയായിരുന്നു ഇത്.
ഇരുവരുടെയും മക്കളാണ് നവാസിന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. “പ്രിയരേ,വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും “ഇഴ” സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു..വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു. പോസ്റ്റ് ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്. എല്ലാരും സിനിമ കാണണം “, എന്നായിരുന്നു പോസ്റ്റിൽ കുറിച്ചത്.






