കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് സർവകലാശാല നിലപാട് മാറ്റിയതിൽ ഇടത് അധ്യാപക സംഘടനയായ കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് കളക്ടീവ് (KUTC) പ്രതിഷേധിച്ചു. പ്രിയ വർഗീസിന്റെ നിയമനത്തിൽ യാതൊരു വീഴ്ചയുമില്ലെന്ന മുൻ നിലപാടിൽ നിന്ന് സർവകലാശാല പിന്നോട്ടുപോയത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംഘടനയുടെ ആരോപണം.
വസ്തുതകളിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിലും അഭിഭാഷകനെ മാറ്റിയതും നിലപാട് തിരുത്തിയതും ചില പ്രത്യേക ലക്ഷ്യങ്ങൾ മുൻനിർത്തിയാണെന്നും KUTC ആരോപിച്ചു. പ്രിയ വർഗീസിനെതിരായ ഇപ്പോഴത്തെ നടപടികൾക്ക് പിന്നിൽ അവർ ഒരു രാഷ്ട്രീയ നേതാവിന്റെ ഭാര്യയാണെന്നത് മാത്രമാണെന്നും സംഘടന വിമർശിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രിയ വർഗീസിന്റെ നിയമനത്തിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പുതിയ സത്യവാങ്മൂലം കണ്ണൂർ സർവകലാശാല സുപ്രീം കോടതിയിൽ സമർപ്പിച്ചത്. സർവകലാശാലയ്ക്കുവേണ്ടി സംസ്ഥാന സർക്കാരിന്റെ അഭിഭാഷകനാണ് കോടതിയിൽ ഹാജരായത്. കേസിൽ കണ്ണൂർ സർവകലാശാലയുടെ പുതിയ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.




