തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം തുടരുകയാണ്. തെക്കൻ തീരങ്ങളിൽ കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ശക്തമായ മഴയെ തുടർന്ന് കോട്ടയം, തിരുവല്ല, കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയുണ്ട്.
ജലനിരപ്പ് കുറഞ്ഞെങ്കിലും മധ്യകേരളത്തിലെ പല കുടുംബങ്ങളും ഇതുവരെ വീടുകളിലേക്ക് മടങ്ങിയിട്ടില്ല. പത്തനംതിട്ടയിലും കോട്ടയത്തുമായി 20,000-ലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്. പമ്പ, അച്ചൻകോവിൽ, കക്കാട്, കല്ലാർ നദികളിലെ ജലനിരപ്പ് താഴ്ന്നത് ആശ്വാസമായെങ്കിലും കോട്ടയത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.




